ദൈവം അല്ലെങ്കിൽ ദൈവ സങ്കല്പത്തിന് കാലത്തിനു അനുസരിച്ചു വന്ന മാറ്റം ഇവിടെ പഠന വിധേയമാക്കുന്നു.
ബൈബിളിൽ ആദ്യമായി ദൈവത്തെക്കുറിച്ച് പറയുന്നത് ആദ്യത്തെ പുസ്തകമായ ഉത്പത്തിയിൽ ആണ്.
[ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു.ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.” (ഉല്പ 1: 1 - 2)]
മലയാളം ബൈബിളിൽ പലയിടത്തും ‘ദൈവം’ എന്ന ഒരേ ഒരു പദം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ, ബൈബിൾ എഴുതപ്പെട്ട ഹീബ്രുവിലും മറ്റും പല പേരുകൾ ആണ് പല സമയങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് ഒരു ദൈവമേ ഉള്ളൂ എന്ന ഏക ദൈവ വിശ്വാസം അടിച്ചേൽപ്പിക്കപ്പെട്ടപ്പോൾ1 പല സ്വഭാവങ്ങളിൽ (വ്യക്തിതങ്ങളിൽ), പലപേരുകളിൽ അറിയപ്പെട്ട ദൈവസങ്കല്പത്തെ കർത്താവ് എന്ന ഒരു ഒറ്റ പേരിലാക്കുകയായിരുന്നു.
മാർപാപ്പ എന്നും ഫറവോ എന്നും പ്രസിഡന്റ് എന്നുമൊക്കെ പറയുന്നത് ഒരു വ്യക്തി അല്ലാത്തത് പോലെ പല കാലത്തുമുള്ള ദൈവ സങ്കല്പങ്ങളെ കർത്താവു എന്ന ഒരു സ്ഥാനനാമത്തിൽ ഒരു വ്യക്തിയായി പിന്നീട് ബൈബിളിൽ അവതരിപ്പിക്കപ്പെട്ടു.
ഉത്പത്തിയിലെ ദൈവം
പഴയ നിയമത്തിലെ ആദ്യ പുസ്‌തകമായ ഉല്പത്തിയുടെ പുസ്‌തകത്തിന്റെ ഒറിജിനൽ രൂപമായ ഹീബ്രുവിൽ ‘എലോഹിം’, ‘എലോഹ്’, ‘ഏൽ’ എന്നൊക്കെയാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ദൂതന്മാരായി ‘മിഖാ എൽ’, ‘ഗബ്രി എൽ’ എന്നിങ്ങനെ എൽ എന്നവസാനിക്കുന്ന പേരുകളും നൽകപ്പെട്ടു.
യേശുക്രിസ്തു ഈ ദൈവ(സങ്കല്പ)വുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഇദ്ദേഹത്തിന്റെ ദൂതനായ ഗബ്രിയേൽ ആണ് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട മംഗളവാർത്ത യേശുവിന്റെ അമ്മയായ മറിയത്തോടു പറഞ്ഞത്.
‘എലോഹ്’ എന്ന പദത്തിന്റെ സർവ്വരൂപമായ ‘എലോഹിം’ (ദൈവങ്ങൾ) ഭൂമിയെയും പിന്നെ ആകാശത്തെയും നക്ഷത്രങ്ങളെയും സൃഷ്ട്ടിച്ചു എന്നാണ് ഉത്പത്തിയിൽ പറയുന്നത്.
മോശ ഉല്പത്തിയുടെ പുസ്കതകം എഴുതി എന്ന് പലരും കരുതുന്നു. എന്നാൽ മോശക്ക് മുൻപ് തന്നെ ഈ പേരുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നു. ഹീബ്രു ബൈബിളിലാണെങ്കിൽ രണ്ടായിരത്തി അഞ്ചു തവണയിൽ കൂടുതലായി ‘എലോഹിം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.
സർവ്വശക്തനും എന്നാൽ നീതിമാനും, കരുണയുള്ളവനും, മനുഷ്യനെ പോലെ പകൽ പണിയെടുക്കുകയും രാത്രിയിൽ ഉറങ്ങുകയും ആറ് ദിവസം പണിയെടുത്തിട്ടു ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്യുന്ന ഒരാളായിട്ടാണ് ഇവിടെ ദൈവത്തെ ചിത്രീകരിച്ചിരിക്കുന്നത്. നാടോടികളായി വേട്ടയാടി നടന്ന മനുഷ്യർ തങ്ങളുടെ മക്കൾക്കു പറഞ്ഞുകൊടുത്ത ഒരു കഥ പിന്നീട് പുസ്തകരൂപത്തിൽ വന്നവയാണ് ഉത്പത്തി തുടങ്ങിയ പുസ്തകങ്ങൾ.
‘എലോഹിം’ എന്ന ദൈവം എല്ലാവരുടെയും (എല്ലാ ജാതിയുടെയും) ദൈവമാണ്.
ഈ ദൈവം അറിവിന്റെയും ജീവന്റെയും കാര്യം മനുഷ്യനിൽ നിന്നും രഹസ്യമാക്കി വയ്ക്കാൻ ആഗ്രഹിച്ചു എന്നാണ് ഉത്പത്തിയുടെ പുസ്തകത്തിൽ പറയുന്നത്.
[ “ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ അവിടുന്ന് വളർത്തി.” (ഉല്പ 2 : 9)
“അവിടുന്ന് അവനോട് കൽപ്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.” (ഉല്പ 2 : 16 - 17) ]
മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത്, അവനു നന്മയും തിന്മയും തിരിച്ചറിയാമെന്നതും അറിവ് നേടിക്കൊണ്ടിരിക്കാനുമുള്ള കഴിവാണ്. ഇത് ദൈവം തന്നതല്ല എന്നും അവ മനുഷൻ സ്വയം ആർജ്ജിച്ചെടുത്തതെണെന്നും ഉല്പത്തി പുസ്‌തകം പറയാതെ പറയുന്നു.
[“അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു.” ഉല്പ 3 : 22) ]
ആദ്യ കാലത്തു മൃഗങ്ങളെ പോലെ നഗ്നരായി അലഞ്ഞു തിരിഞ്ഞ മനുഷ്യർ ഒരിടത്തു താമസിക്കാനും വസ്ത്രം ധരിക്കാനും ഒക്കെ തുടങ്ങിയ കാലത്തും മാറ്റങ്ങൾ ഇഷ്ടമില്ലാത്തവർ അറിവ് നേടുന്നത് തെറ്റാണെന്നും ദൈവത്തിന് അതിഷ്ടമല്ല എന്നും പഠിപ്പിക്കാൻ ഈ കഥ ഉപയോഗിച്ചിരുന്നു. അറിവ് നേടുന്നതും ചോദ്യം ചെയ്യുന്നതും തെറ്റാണെന്നു എല്ലാ മതങ്ങളിലെയും പുരോഹിതർ എക്കാലത്തും പഠിപ്പിച്ചിരുന്നു.
‘എലോഹിം’ എന്ന ദൈവം ബലികളിൽ പ്രസാദിക്കുന്നവനും, തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവനും എന്നാൽ തന്റെ അടയാളം വഴി സംരക്ഷിക്കുന്നവനും ആണ്.
പ്രകൃതി ദുരന്തങ്ങൾ മനുഷ്യൻ്റെ ദുഷ്ടത കാരണമാണെന്ന് അന്നും ഇന്നും മതവിശ്വാസികൾ വിശ്വസിക്കുന്നു. അവ ഒഴിവാക്കാനായി അന്നും ഇന്നും ദൈവത്തെ പ്രീതിപ്പെടുത്താൻ നോക്കുന്നു.
വിവിധ ഭാഷകൾ ഉണ്ടായതും ജാതികൾ ഉണ്ടായതും ദൈവത്തിന്റെ ഇടപെടൽ മൂലമാണ് എന്നും ഉല്പത്തി പുസ്‌തകം പറയുന്നു.
[ “ഭൂമിയിൽ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിഴക്കുനിന്നുവന്നവർ ഷീനാറിൽ ഒരു സമതല പ്രദേശം കണ്ടെത്തി, അവിടെ പാർപ്പുറപ്പിച്ചു. നമ്മുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്നവർ പറഞ്ഞു. അങ്ങനെ കല്ലിനുപകരം ഇഷ്ടികയും കുമ്മായത്തിനുപകരം കളിമണ്ണും അവർ ഉപയോഗിച്ചു. അവർ പരസ്‌പരം പറഞ്ഞു: നമ്മുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീർത്തു പ്രശസ്തി നിലനിർത്താം. അല്ലെങ്കിൽ, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. മനുഷ്യർ നിർമ്മിച്ച നഗരവും ഗോപുരവും കാണാൻ കർത്താവ് ഇറങ്ങിവന്നു. അവിടുന്ന് പറഞ്ഞു: അവരിപ്പോൾ ഒരു ജനതയാണ്; അവർക്ക് ഒരു ഭാഷയും. അവർ ചെയ്യാനിരിക്കുന്നതിൻ്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാൻ ഒരുമ്പെടുന്നതൊന്നും അവർക്കിനി അസാധ്യമായിരിക്കയില്ല. നമ്മുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം. അങ്ങനെ കർത്താവ് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവർ പട്ടണം പണി ഉപേക്ഷിച്ചു. അതുകൊണ്ടാണ് ആ സ്ഥലത്തിന് ബാബേൽ എന്നു പേരുണ്ടായത്. അവിടെവച്ചാണ് കർത്താവ് ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും.” (ഉത്പത്തി 11 : 1 - 9)
ഉല്പത്തി ആറാം ആദ്ധ്യായത്തിൽ ഭൂമിയിൽ തിന്മ പെരുകിയതുകൊണ്ടു ലോകത്തെ നശിപ്പിക്കുവാൻ തീരുമാനിക്കുന്ന ഒരു ദൈവത്തെ ആണ് കാണുന്നത്. എന്നാൽ നോഹ നല്ലവനായത് കൊണ്ട് അവനെ നശിപ്പിക്കുന്നില്ല. ദുഷ്ടനെ ദൈവം ശിക്ഷിക്കും എന്ന ഒരു തത്വം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് ഇവിടെ.
[ “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കർത്താവ് കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. കർത്താവ് അരുളിച്ചെയ്തു: എൻ്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാൻ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാൻ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതിൽ ഞാൻ ദുഖിക്കുന്നു. എന്നാൽ, നോഹ കർത്താവിന്റെ പ്രീതിക്കു പാത്രമായി.” (ഉല്പ 6 : 5 - 8) ]
അബ്രാഹത്തിന്റെ കാലത്തു ‘അത്യുന്നതനായ ദൈവ’ത്തിനും പുരോഹിതർ ഉണ്ടായിരുന്നു, അബ്രാഹത്തെ അനുഗ്രഹിച്ച മെൽകിസെദെക്ക് ‘അത്യുന്നതനായ ദൈവ’ത്തിന്റെ പ്രധാന പുരോഹിതനായിരുന്നു.
[“സാലെം രാജാവായ മെൽകിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവൻ. അവൻ അബ്രഹാമിനെ ആശീർവദിച്ചുകൊണ്ട് പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! ശത്രുക്കളെ നിന്റെ കയ്യിലേൽപ്പിച്ച അത്യുന്നതദൈവം അനുഗ്രഹീതൻ. അബ്രഹാം എല്ലാറ്റിന്റെയും ദശാംശം അവനുകൊടുത്തു."
(ഉൽപ്പ14 : 18 - 20)
“കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക. കർത്താവ് സീയോനിൽനിന്നു നിന്റെ അധികാരത്തിന്റെ ചെങ്കോൽ അയയ്ക്കും; ശത്രുക്കളുടെ മധ്യത്തിൽ നീ വാഴുക. വിശുദ്ധ പർവ്വതത്തിലേക്ക് നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്‌സിന്റെ ഉദരത്തിൽനിന്നു മഞ്ഞെന്നപോലെ യുവാക്കൾ നിന്റെ അടുത്തേക്കുവരും. കർത്താവ് ശപഥംചെയ്തു: മെൽക്കിസെദേക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.” (സങ്കീ 110 : 1 - 4)
“രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു.” (ഹെബ്രാ 7 : 1) ]
എന്നാൽ പിന്നീട് മോശ യഹൂദരുടെ ഇടയിൽ പൗരോഹിത്യം അഹറോന്റെ മക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തി. അവർ യഹോവയുടെ വിശ്വാസികൾ ആയിരുന്നു.
“പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാൻ വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവൻ്റെ പുത്രന്മാരായ നാദാബ്,അബിഹു, എലെയാസർ, ഇത്താമർ എന്നിവരെയും ഇസ്രായേൽക്കാരുടെയിടയിൽ നിന്ന് നിന്റെയടുക്കലേക്കു വിളിക്കുക.” (പുറ 28 : 1) ]
തുടക്ക കാലം മുതലേ ജെറുസലം ദേവാലയം അഹറോന്റെ പുത്രന്മാരായ ലേവ്യ ഗോത്രത്തിന്റെ നിയത്രണത്തിൽ ആയിരുന്നു.
അതുകൊണ്ടു മറ്റു സ്ഥലങ്ങളിലുള്ള യഹൂദർ പ്രാദേശികമായി ഓരോ സ്ഥലത്തും സിനഗോഗുകൾ സ്ഥാപിച്ചു അവിടെ പ്രാത്ഥനയും പാരായണവും നടത്തിയിരുന്നു. അവിടെ അവർ ബലികൾ നടത്തിയിരുന്നില്ല. മോശയുടെ നിയമ പ്രകാരമുള്ള ബലികൾ അർപ്പിക്കാൻ അവർ ജെറുസലം ദേവാലയത്തിൽ പോകേണ്ടി വന്നിരുന്നു.
അവിടെയാകട്ടെ മൃഗവധവും, തീയും പുകയും കരിഞ്ഞ മാംസ ഗന്ധവും കച്ചവടവും ഒക്കെയായി ഒരുതരം അരാജകത്വം നിലനിന്നിരുന്നു.
എന്നാൽ മെല്‍ക്കിസെദേക്കിന്റെ തായ് വഴികളിലും പുരോഹിതർ ഉണ്ടായിരുന്നു. അവരുടെ പ്രസക്തി കാലംചെല്ലുന്തോറും കുറഞ്ഞുവന്നു. യേശു അഹറോന്റെ പാരമ്പര്യത്തിൽ ആയിരുന്നില്ല. എന്നാലും യേശുവിനെ ‘റബി’ എന്ന് വിളിക്കുന്നത് മെൽക്കിസെദേക്കിന്റെ പൗരോഹിത്യം നാമമാത്രമായിട്ടാണെങ്കിലും അന്ന് നിലനിന്നിരുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ദേവാലയത്തിൽ വായിക്കാനുള്ള പുസ്തകം അവനു ലഭിക്കുമായിരുന്നില്ല.
മതങ്ങളും ജാതികളും ഗോത്രങ്ങളും ആണ് മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്. ഇവ അന്നത്തെ ദൈവത്തിന്റെ സൃഷ്ടി ആണെന്ന് ബൈബിൾ പറയുന്നു. രാജ്യ സ്നേഹം ഒരു രാജ്യത്തെ ജനങ്ങൾക്ക് എന്നത് പോലെ ആയിരുന്നു, മുൻപ് ഗോത്രങ്ങൾക്കും മതങ്ങൾക്കും. സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസമില്ലെങ്കിൽ ആ സമൂഹത്തെ എല്ലാ കാലത്തും നയിച്ചിരുന്നത് മതമേലാളൻമാർ ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. അദൃശ്യനായ ദൈവത്തെ ജനം അറിഞ്ഞത് അവരിലൂടെ ആയിരുന്നു. അന്നും ഇന്നും അവർ തങ്ങളുടെ പ്രാമാണ്യത്തിനു ഒരു കോട്ടവും തട്ടാത്ത വിധത്തിലാണ് ദൈവത്തെ അവതരിപ്പിച്ചത്.
Next
യഹോവ എന്ന ദൈവ സങ്കൽപം
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS