പരിശുദ്ധ മാർപാപ്പ, നടപടി 7:51-81, യോഹന്നാൻ 6:30-35 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.
“വിശുദ്ധ സ്തേഫാനോസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചാണ് ആദ്യ വായന നമ്മോട് പറയുന്നത്. കല്ലെറിയപ്പെടുന്നതിനു മുൻപ് അദ്ദേഹം ക്രിസ്തുവിന്റെ തിരുവുത്ഥാനം ഉദ്ഘോഷിച്ചു. അവിടെ സന്നിഹിതരായ ആളുകളെ ശക്തമായ വാക്കുകളിൽ അദ്ദേഹം താക്കീത് ചെയ്തു: "മർക്കടമുഷ്ടിക്കാരെ... നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിനോട് മല്ലടിക്കുന്നു."
എത്ര പ്രവാചകന്മാരെയാണ് അവർ പീഡിപ്പിച്ച് lകൊന്നിട്ടുള്ളതെന്നും അവരുടെ മരണശേഷം അവർക്കായി സുന്ദരമായ ശവകുടീരങ്ങൾ പണിതിട്ടുള്ളതെന്നും പിന്നെ അവരെ വണങ്ങാൻ തുടങ്ങുന്നുവെന്നും സ്തേഫാനോസ് ഓർമ്മപ്പെടുത്തുന്നു. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെ യേശുവും ശാസിക്കുന്നുണ്ട്: "ഭോഷന്മാരെ പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാൻ കഴിയാത്ത വിധം ഹൃദയം മന്ദീഭവിച്ചവരേ.."
എന്നും, ഇന്നും, നമ്മുടെ ഇടയിൽപോലും പരിശുദ്ധാത്മാവിനെതിരായ മൽപിടുത്തം നടക്കുന്നുണ്ട്. തെളിച്ചുപറഞ്ഞാൽ, പരിശുദ്ധാത്മാവ് നമ്മെ ശല്യപ്പെടുത്തുന്നു. അവൻ നമ്മെ ചലിപ്പിക്കുന്നതിനാൽ, നടക്കാൻ ആവശ്യപ്പെടുന്നതിനാൽ, സഭയെ മുന്നോട്ടുപോകാൻ പിന്നിൽനിന്ന് ഉന്തുന്നതിനാൽ, അവൻ നമ്മെ അലോസരപ്പെടുത്തുന്നു. നമ്മളോ! രൂപാന്തരീഭാവസമയത്ത് പത്രോസിനുണ്ടായിരുന്ന മനോഭാവമാണ് നമുക്ക്:
"ഇവിടെ ഇങ്ങനെ ആയിരിക്കുന്നത് എത്ര മനോഹരമാണ്, എല്ലാവരും ഇവിടെ ഇങ്ങനെ കൂടിയിരിക്കുക...!" ഞങ്ങളെ ശല്യപ്പെടുത്തരുത്. ആത്മാവിനെ മയക്കിക്കിടത്താനാണ് നമുക്കിഷ്ടം. ആത്മാവിനെ മെരുക്കി ഇണക്കിയെടുത്ത് നമ്മുടെ വഴിക്കുകൊണ്ടുവരാനാണ് നാം ശ്രമിക്കുന്നത്. അത് നല്ലതല്ല. കാരണം, അവൻ ദൈവമാണ്. വരികയും പോവുകയും ചെയ്യുന്ന കാറ്റാണ് അവൻ.
എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നെന്നോ നമുക്കറിയാത്ത കാറ്റാണ് അവൻ. ദൈവത്തിന്റെ ശക്തിയാണ് അവൻ. മുന്നോട്ടുപോകാനുള്ള കരുത്തും സാന്ത്വനവും നൽകുന്ന ദൈവമാണവൻ. അതെ. മുന്നോട്ട് കുതിക്കുക. അത് നമ്മെ അലോസരപ്പെടുത്തുന്നു. നമുക്ക് അത് ശല്യമാകുന്നു. കാരണം, ഒരു ശല്യവുമില്ലാതെ ഇവിടെ ഇങ്ങനെ സുഖപ്രദമായി ഇരിക്കുന്നത് എത്ര സുന്ദരമാണ്!
പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിൽ നാം എല്ലാവരും സന്തോഷിക്കുന്നുവെന്നാണ് ധാരണ. അത് ശരിയാണെന്ന് തോന്നുന്നില്ല. ഈ പ്രലോഭനം ഇന്നും നിലനിൽക്കുന്നു. ഒരൊറ്റ ഉദാഹരണം. രണ്ടാം വത്തിക്കാൻ സൂനഹദോസിനെക്കുറിച്ച് ചിന്തിക്കുക. പരിശുദ്ധാത്മാവിന്റെ മനോഹരമായ പ്രവർത്തനമായിരുന്നു രണ്ടാം വത്തിക്കാൻ സൂനഹദോസ്. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയെക്കുറിച്ച് ചിന്തിക്കുക.
നല്ല ഇടയനായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവിനോട് അനുസരണയുള്ളവനായിരുന്നു. അങ്ങനെ അദ്ദേഹം സൂനഹദോസ് വിളിച്ചുകൂട്ടി. എന്നാൽ, സൂനഹദോസിലൂടെ പരിശുദ്ധാത്മാവ് നമ്മോട് പറഞ്ഞതൊക്കെ ചെയ്യാൻ 50 വർഷങ്ങൾക്കു ശേഷവും നമുക്ക് കഴിഞ്ഞോ? സഭയുടെ വളർച്ചയുടെ തുടർച്ചയിൽ സുനഹദോസ് എന്തായിരുന്നു? ഇല്ല നാം വാർഷികം ആഘോഷിക്കുന്നു. സ്മാരകങ്ങൾ പണിയുന്നു.
എന്നാൽ, സുനഹദോസ് നമ്മെ അലോസരപ്പെടുത്തുന്നില്ല. അത് നമ്മെ ഇളക്കിമറിക്കുന്നില്ല. കാരണം, മാറാൻ നമുക്ക് ഇഷ്ടമില്ല. സുനഹദോസിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. ഇതിനെയാണ് മർക്കടമുഷ്ടി എന്ന് വിളിക്കുന്നത്. ഇതിനെയാണ് നമ്മുടെ വഴിക്ക് വരാനായി പരിശുദ്ധാത്മാവിനെ മെരുക്കിയിണക്കിയെടുക്കാൻ ശ്രമിക്കുക എന്ന് പറയുന്നത്.
ഭോഷന്മാരും ഹൃദയം മന്ദീഭവിച്ചവരെന്നും പറയുന്നത് ഇതാണ്. നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഇങ്ങനെതന്നെ സംഭവിക്കുന്നു. വാസ്തവത്തിൽ ആത്മാവ് നമ്മെ കൂടുതൽ സുവിശേഷാത്മകമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, നാം എതിർക്കുന്നു. പരിശുദ്ധാത്മാവിനെ എതിർക്കരുത്. ആത്മാവാണ് നമ്മെ സ്വതന്ത്രരാക്കുന്നത്.
യേശുവിന്റെ സ്വാതന്ത്ര്യത്താൽ, ദൈവമക്കളുടെ സ്വാതന്ത്ര്യത്താൽ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കുന്നത് ആത്മാവാണ്. പരിശുദ്ധാത്മാവിനെ എതിർക്കരുത്. കർത്താവിൽനിന്ന് നാം എല്ലാവരും ചോദിക്കേണ്ട കൃപ ഇതാണെന്ന് ഞാൻ വിചാരിക്കുന്നു: പരിശുദ്ധാത്മാവിനോട് വിധേയത്വമുള്ളവരായിരിക്കാനുള്ള കൃപ. നമ്മിലേക്ക് വരികയും പരിശുദ്ധിയുടെ പാതയിൽ - സഭയുടെ സുന്ദരമായ ആ പരിശുദ്ധിയിലേക്ക്തന്നെ നമ്മെ മുന്നോട്ട് ചലിപ്പിക്കുകയും ചെയ്യുന്ന ആത്മാവിനെ അനുസരിക്കാനുള്ള കൃപ. പരിശുദ്ധാത്മാവിനോട് ഇണങ്ങിപോകാനുള്ള മനസ്സ്കിട്ടാനുള്ള കൃപ. നമുക്ക് പ്രാർത്ഥിക്കാം ആമ്മേൻ.”
കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=KVtFQmuhr7w&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=16 ക്ലിക്ക് ചെയ്യുക
Courtesy Br Thomas Paul
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS