2013 ഏപ്രിൽ ഇരുപതാം തീയതി പരിശുദ്ധ മാർപാപ്പ, നടപടി 9: 31-42, യോഹന്നാൻ 6: 60-69 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.
“തങ്ങൾക്ക് അനുരൂപമായ മെലിഞ്ഞ സഭകൾ നിർമ്മിക്കുന്നവരാണ് ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷണരായ ക്രിസ്ത്യാനികൾ. അതു പക്ഷേ യേശുവിന്റെ സഭയല്ല. മത പീഡനത്തിനുശേഷം ആദിമക്രൈസ്തവ സമൂഹം കുറച്ചുനാളത്തേക്ക് സമാധാനത്തിൽ ജീവിക്കുകയായിരുന്നു. "ദൈവഭയത്തിലും പരിശുദ്ധാത്മാവിന്റെ സാന്ത്വനത്തിലും" നടക്കുകയും വളരുകയും ചെയ്തിരുന്ന സഭ പ്രതിഷ്ഠ നേടാൻ തുടങ്ങിയിരുന്നു. കുറ്റമില്ലാത്തവിധം ദൈവസന്നിധിയിൽ നടക്കാൻ വിളിക്കപ്പെട്ട സഭ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അന്തരീക്ഷം അതാണ്: ദൈവഭയവും പരിശുദ്ധാത്മാവിന്റെ സാന്ത്വനവും.
സഭയുടെ ശൈലിയാണത്. ദൈവഭയത്തിൽ നടക്കുമ്പോൾ ആരാധനയുടെ ഭാവം കൈവരുന്നു. ദൈവസന്നിധിയിൽ ജീവിക്കുന്നതിന്റെ ഹൃദയഭാവം. ശരിയല്ലേ? ഇങ്ങനെയാണ് സഭ നടക്കുന്നത്. ദൈവസന്നിധിയിലായിരിക്കുമ്പോൾ മേച്ഛമായ കാര്യങ്ങൾ ചെയ്യുകയോ മോശമായ തീരുമാനം എടുക്കുകയോ ചെയ്യില്ല. നാം ദൈവത്തിനു മുൻപിലാണല്ലോ നിൽക്കുന്നത്. അത് ആനന്ദത്തോടും സന്തോഷത്തോടും കൂടെയാണ്. ഇതാണ് പരിശുദ്ധാത്മാവിന്റെ സാന്ത്വനം. കർത്താവ് നമുക്ക് തന്ന വരദാനമായ ഈ സാന്ത്വനം - പരിശുദ്ധാത്മാവിന്റെ ആശ്വാസം - മുന്നോട്ടുപോകാൻ നമ്മെ സഹായിക്കുന്നു.
ഇന്ന് ആരാധനാക്രമം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന സുവിശേഷഭാഗം പറയുന്നത് യേശുവിന്റെ വാക്കുകൾ കഠിനമായി പല ശിഷ്യന്മാർക്കും അനുഭവപ്പെട്ടുവെന്നാണ്. അവർ പിറുപിറുക്കുകയും ഇടർച്ചയ്ക്ക് വിധേയമാകുകയും അവസാനം ഗുരുവിനെ ഉപേക്ഷിക്കുകയും ചെയ്തു. ഇക്കൂട്ടർ പിൻവാങ്ങി. അവർ അവനെ ഉപേക്ഷിച്ചുപോയി. കാരണം അവർ പറഞ്ഞു: ഈ മനുഷ്യൻ അല്പം അസാധാരണക്കാരനാണ്. അവൻ കഠിനമായ കാര്യങ്ങൾ പറയുന്നു. നമുക്ക് അത് പറ്റില്ല. ഈ പാതയിലൂടെ സഞ്ചരിക്കുന്ന അപകടകരമാണ്.. ഈ പാതയിലൂടെ കുറേക്കൂടെ കാര്യബോധമുള്ളവരാകാം.
നമുക്ക് പുറകിലേക്ക്മാറാം. അവന്റെ സമീപത്തു നിൽക്കേണ്ടതില്ല. ഒരു പക്ഷേ ഇവർക്ക് യേശുവിനെക്കുറിച്ച് ആരാധനാഭാവം ഉണ്ടായിരുന്നു. എന്നാൽ വളരെ ദൂരെ നിന്നാണ്. അവർ അവനുമായി ഇടപഴകാൻ ഇഷ്ടപ്പെട്ടില്ല. അപരിചിതമായ കാര്യങ്ങളാണല്ലോ അവൻ പറയുന്നത്. ഇത്തരം ക്രിസ്ത്യാനികൾ സഭയിൽ പ്രതിഷ്ഠ നേടുന്നില്ല. അവർ ദൈവസന്നിധിയിൽ വ്യാപരിക്കുന്നില്ല. അവർക്ക് പരിശുദ്ധാത്മാവിന്റെ സാന്ത്വനമില്ല. അവർ സഭയെ വളരാൻ സഹായിക്കുന്നില്ല. തീർച്ചയായും കാര്യബോധമുള്ള ക്രിസ്ത്യാനികളാണ് അവർ.
അത്രമാത്രമേ ഉള്ളൂ എന്ന്മാത്രം. അവർ അകലം പാലിക്കുന്നു. അവരെ "ഉപഗ്രഹ ക്രിസ്ത്യാനികൾ" എന്ന് നമുക്ക് വിളിക്കാം. അവർ തങ്ങളുടെ ഇംഗിതത്തിന് പറ്റിയ "ചെറിയ" സഭയുണ്ടാക്കുന്നു. വെളിപാട് ഗ്രന്ഥത്തിൽ യേശുവിന്റെ ഭാഷയിൽ പറഞ്ഞാൽ അവർ ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷണക്രിസ്ത്യാനികളാണ്. അവരുടെ മന്ദോഷണത സഭയിലേക്കും കടന്നുവരുന്നു. അവരുടെ നല്ല ബോധത്തിന്റെ, സാമാന്യബുദ്ധിയുടെ, സാന്നിധ്യത്തിൽ മാത്രമാണ് അവർ നടക്കുന്നത്. അതു ലൗകീകമായ വിവേകമാണ്. ലൗകീക വിവേകത്തിന്റെ പ്രലോഭനമാണിത്.
ഈ നിമിഷത്തിൽ യേശുവിന്റെ നാമത്തിനു സാക്ഷ്യം വഹിക്കുന്ന ചിലപ്പോൾ രക്തം ചിന്തി മരിക്കുന്നതുവരെ സാക്ഷ്യം വഹിക്കുന്ന നിരവധി ക്രിസ്ത്യാനികളെ നമുക്കോർക്കാം. അവർ ഉപഗ്രഹ ക്രിസ്ത്യാനികളല്ല. കാരണം അവർ യേശുവിന്റെ പാതയിൽ യേശുവിനോടൊപ്പം പോകുന്നു. യേശുവിന്റെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു. "നീയും പോകാൻ ആഗ്രഹിക്കുന്നുവോ", "നീയും ഉപഗ്രഹ ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കുന്നുവോ", എന്ന് കർത്താവ് ചോദിച്ചപ്പോൾ പത്രോസ് നൽകിയ മറുപടി അവർക്ക് നന്നായി അറിയാം: "കർത്താവേ ഞങ്ങൾ എവിടേക്കു പോകും? നിന്റെ പക്കൽ നിത്യജീവന്റെ വചനങ്ങളുണ്ടല്ലോ."
വലിയ ജനക്കൂട്ടത്തിൽ നിന്ന് അവർ ചെറിയ സമൂഹമായി മാറി. കാരണം പലരും കർത്താവിനെ ഉപേക്ഷിച്ചു. എന്നാൽ ഈ ചെറിയ സമുദായത്തിന് അറിയാമായിരുന്നു, മറ്റെങ്ങും പോകാനില്ലെന്ന്. കാരണം അവന് മാത്രമേ, കർത്താവിനു മാത്രമേ, അനശ്വര ജീവന്റെ വചസ്സുകളുള്ളൂ. നമുക്ക് ഈ പ്രാർത്ഥന സ്വർഗ്ഗത്തിലേക്ക് ഉയർത്താം: സഭയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. വളരാൻ, ഉറച്ചുനിൽക്കാൻ, ദൈവഭയത്തിൽ ജീവിക്കാൻ. പരിശുദ്ധാത്മാവിന്റെ സാന്ത്വനം സ്വീകരിക്കാൻ.
നല്ല ബോധം, സാമാന്യബുദ്ധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രലോഭനത്തിൽ നിന്ന് കർത്താവ് നമ്മെ സ്വതന്ത്രമാക്കട്ടെ. യേശുവിനെതിരെയുള്ള പിറുപിറുക്കൽ എന്ന പ്രലോഭനത്തിൽ നിന്ന് കർത്താവ് നമ്മെ രക്ഷിക്കട്ടെ ( തീർച്ചയായും കർത്താവ് ഭയങ്കര പിടിവാശിക്കാരനാണ്! നിർബന്ധബുദ്ധിക്കാരനാണ്!). ഇടർച്ച എന്ന പ്രലോഭനത്തിൽ നിന്നും കർത്താവ് നമുക്ക് വിടുതൽ തരട്ടെ.”
കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=s6OCpEjycV8&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=20 ക്ലിക്ക് ചെയ്യുക
Courtesy Br Thomas Paul
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS