എല്ലാവരും ഒരാളെ പറ്റി കരുതുന്നത്, അല്ലെങ്കിൽ ചിന്തിക്കുന്നത് ഒരേ പോലെയല്ല.
ഉദാഹരണമായിഇപ്പോൾ ജീവിച്ചിരിക്കുന്ന നരേന്ദ്രമോദിയെ പറ്റിയോ, ഈയടുത്ത കാലത്തു കാലയവനികയിൽ മറഞ്ഞ ഉമ്മൻ ചാണ്ടിയെ പറ്റിയോ ചിന്തിക്കുമ്പോൾ അവരുടെ പാർട്ടിക്കാർക്ക് അവർ നല്ലവരായും എതിർ പാർട്ടിക്കാർക്ക് അവർ അത്ര നല്ലവരല്ല എന്നുമാണ് തോന്നുക (Perception).
ഈ എതിർ പാർട്ടിക്കാരൻ വിദേശത്തു ചെന്ന് താമസിക്കുകയാണെങ്കിൽ കാഴ്ചപ്പാട് മാറിയെന്നു വരാം.അവരുടെ അറിവ് കൂടും തോറും മറ്റൊരു രീതിയിൽ ചിന്തിക്കാം. ഓരോരുത്തരുടെയും മത വിശ്വാസം അനുസരിച്ചു അവരോടുള്ള കാഴ്ചപ്പാട് മാറാം. നിത്യ പരിചയമുള്ള ഒരാൾ മരിച്ചു കഴിഞ്ഞും അയാളോടുള്ള അഭിപ്രായം മാറാം.
ജീവിച്ചിരിക്കുന്ന, എല്ലാ കാര്യങ്ങളും തന്നെ പരസ്യമായ ഒരാളെ പറ്റി ഇങ്ങനെയൊക്കെയാണ് നിരൂപിക്കുന്നതെങ്കിൽ മറ്റുള്ളവർ പറഞ്ഞു കേട്ട് മാത്രം അറിയുന്ന ഒരു ദൈവത്തെ പറ്റി ഓരോരുത്തരും എത്ര വ്യത്യസ്തമായിട്ടായിരിക്കും ചിന്തിക്കുക.
ദൈവചിന്തയുടെ ഉത്ഭവം
മൃഗത്തെയും മനുഷ്യനെയും വേർതിരിക്കുന്നത് മനുഷ്യനിലുള്ള ഉയർന്ന യുക്‌തിചിന്തയാണ്.
എന്തുകൊണ്ട്, എന്തിന്, എങ്ങനെ എന്നിങ്ങനെ മനുഷ്യൻ ചിന്തിച്ചു തുടങ്ങിയപ്പോൾ മുതൽ അവന്റെ മനസ്സിൽ വന്ന ഉത്തരങ്ങളിൽ ഒന്നാണ് ദൈവം.
ഈ ദൈവത്തെ അവൻ അവന്റെ സാഹചര്യം, അറിവ് എന്നിവ വച്ച് അവൻ കണ്ടെത്താൻ ശ്രമിച്ചു.
അവന്റെ സംസ്കാരവും അറിവും വർധിക്കുന്നതനുസരിച്ചു അവന്റെ ദൈവ സങ്കല്പത്തിനും മാറ്റം സംഭവിച്ചു.
ഗോത്രങ്ങൾ തമ്മിൽ പടവെട്ടിയ കാലത്ത് ഓരോ ഗോത്രത്തിനും സ്വന്തമായി ദൈവങ്ങൾ ഉണ്ടായിരുന്നു. ആ ഗോത്രങ്ങൾ ഇല്ലാതായപ്പോൾ അവരുടെ ദൈവങ്ങളും ഇല്ലാതായി. അശേരയും അപ്പോളോയും ഇപ്പോൾ ആരാലും തന്നെ ആരാധിക്കപ്പടുന്നില്ല.
മോശയും യേശുവും മുഹമ്മദ് നബിയുമൊക്കെ അതാതു കാലത്തുള്ള ദൈവ സങ്കല്പങ്ങളിൽ കാര്യമായ വ്യത്യാസം കൊണ്ടുവന്നു. അവരുടെ ചിന്തകളെ അംഗീകരിച്ചവർ പിന്നീട് പ്രബല മതങ്ങൾ ആയി മാറി.
നമുക്ക് മുൻപ് ഏകദേശം നാലായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന എബ്രഹാമിന്റെ ദൈവം ആണ് ഏൽ എന്ന (മഹോന്നതനായ ദൈവം എന്ന് ബൈബിളിൽ) ദൈവസങ്കൽപം ( perception). ഈ ദൈവവുമായുള്ള അബ്രാഹത്തിന്റെയും സന്തതി പരമ്പരകളുടെയും ബന്ധത്തിന്റെ അടയാളമായാണ് ഇന്നും യഹൂദരും, മുസ്ലിംകളും സുന്നത്തു അഥവാ പരിച്ഛേദനം എന്ന ആചാരം ചെയ്യുന്നത്.
ബിസി ആയിരത്തി അറുനൂറിനും ബിസി ആയിരത്തി ഇരുന്നൂറിനും ഇടയിൽ ജീവിച്ചിരുന്ന മോശ അവതരിപ്പിച്ച/അനുഭവിച്ച ദൈവ(സങ്കല്പ)മാണ് ( Perception) യഹോവ.
ഇസ്രായേൽകാരുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധാലുവായ അവരുടെ മാത്രം ദൈവം. അവരുടെ ശത്രുക്കളോട് ഒരു കരുണയുമില്ലാത്ത ഒരു ദൈവ സങ്കൽപം.
എന്നാൽ യേശുവിന്റെ ദൈവാനുഭവം വളരെ വ്യത്യസ്തമായിരുന്നു. വളരെ മുന്നേയുള്ള 'മഹോന്നതനായ ദൈവത്തെ’ അദ്ദേഹം തന്റെ സ്നേഹ സമ്പന്നനായ പിതാവായി കണ്ടു, തന്റെ ചുറ്റുമുള്ള മനുഷ്യരുടെ ഇടയിൽ അവതരിപ്പിച്ചു.
യേശുവിന്റെ യഹോവ വിരുദ്ധ പ്രവർത്തികൾ
യേശു തന്റെ പരസ്യ ജീവിതം തുടങ്ങുന്നത് മരുഭൂമിയിലെ പരീക്ഷണങ്ങൾക്കു ശേഷം ഗലീലിയിലേക്കു മടങ്ങി പോയി സിനഗോഗുകളിൽ പഠിപ്പിച്ചു കൊണ്ടാണ്.
[ “യേശു ആത്മാവിന്റെ ശക്തിയോടുകൂടി ഗലീലിയിലേക്ക് മടങ്ങിപ്പോയി. അവന്റെ കീർത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി.” ലൂക്കാ 4 : 14 - 15) ]
അവിടെനിന്ന് അദ്ദേഹം നസ്രത്തിൽ വന്നു. ഒരു സാബത്തു ദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ചു വായിക്കാൻ എഴുന്നേറ്റു നിന്നു.
[“യേശു താൻ വളർന്ന സ്ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റു നിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നൽകപ്പെട്ടു. പുസ്തകം തുറന്നപ്പോൾ ഇപ്രകാരം എഴുതിയിരിക്കുന്നത് അവൻ കണ്ടു: ‘കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രനെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.’
പുസ്തകം അടച്ചു ശുശ്രൂഷകനെ ഏൽപിച്ചതിനുശേഷം അവൻ ഇരുന്നു. സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കികൊണ്ടിരുന്നു.” (ലൂക്കാ 4 : 16 - 21) ]
യേശു വായിച്ചതു യെശയ്യാ 61:1 ആണ്. വായിക്കുമ്പോൾ യേശു മനഃപൂർവം അതിൽ ഒരു വാക്ക് വിട്ടുകളഞ്ഞു ; - 'കർത്താവിന്റെ പ്രതികാര ദിനം'.
(‘കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്ര്യനെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും,കർത്താവിന്റെ പ്രതികാരദിനവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.’ യെശയ്യാ 61:1 )
പഴയ നിയമത്തിലെ യഹോവ എന്ന പ്രതികാര ദാഹിയായ ദൈവമല്ല, യേശുവിന്റെ ദൈവം എന്ന് ഇതിലൂടെ വ്യക്തമാകുന്നു .
ബൈബിൾ അതേപടി വിശ്വസിക്കണമെന്നും അതിലുള്ളതെല്ലാം ദൈവവചനം ആണെന്നും പറയുന്നവർക്ക്, യേശുവിന്റെ പരസ്യ ജീവിതം തുടങ്ങുമ്പോൾ തന്നെ യേശു മറുപടി കൊടുത്തു തുടങ്ങുകയാണ്.
പഴയ നിയമത്തിൽ തനിക്കു അംഗീകരിക്കാനാവാത്ത പലതും ഉണ്ടെന്നു ഇതിലൂടെ യേശു പ്രഖ്യാപിക്കുകയാണ്.
മഹോന്നതനായ സൃഷ്ഠികർത്താവു എലോഹിം ഏഴാം ദിവസം വിശ്രമിച്ചു എന്നതനുസരിച്ചു മോശക്ക് മുൻപ് തന്നെ മനുഷ്യർ ഏഴാം ദിവസം വിശ്രമിച്ചിരുന്നു. അതിനെ മോശ തന്റേതാക്കി മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചട്ടങ്ങളും ആചാരങ്ങളും യഹോവയുടെ പേരിൽ കൊണ്ടുവന്നു. ഇങ്ങനെയുള്ള ആചാരങ്ങളെ ഈശോ ചോദ്യം ചെയ്തു.
പിന്നീട് യേശു പോയത് കഫാർണാമിലേക്കാണ്. അവിടെ സാബത്ത് ദിവസം ഒരാളെ സുഖപ്പെടുത്തി, പഴയ നിയമത്തിലെ മോശയുടെ വെളിവാക്കപ്പെട്ട യഹോവയുടെ കല്പന പരസ്യമായി ലംഘിക്കുന്നു.
“പിന്നെ അവൻ ഗലീലിയിലെ ഒരു പട്ടണമായ കഫർണാമിൽ എത്തി സാബത്തിൽ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി.കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വചനം.
അവിടെ സിനഗോഗിൽ അശുദ്ധന്മാവു ബാധിച്ച ഒരുവൻ ഉണ്ടായിരുന്നു. അവൻ ഉറക്കെ നിലവിളിച്ചു പറഞ്ഞു: നാസറായനായ യേശുവേ നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധൻ. യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി.” (ലൂക്കാ 4 : 31 - 35)
യഹോവ അവർക്കു നൽകിയ നിയമങ്ങൾ തനിക്കോ തന്റെ കൂടെയുള്ളവർക്കോ അങ്ങനെ തന്നെ ബാധകമല്ല എന്നു വ്യക്തമാക്കാനാണ് പഴയ തുണി പുതിയതുമായി കൂട്ടിത്തുന്നരുത് എന്നും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല എന്നും യേശു പറഞ്ഞത്.
“അവൻ അവരോട് ഒരുപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തിൽനിന്നു കഷണം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയവസ്ത്രം കീറുന്നു എന്ന് മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരികയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താൽ, പുതിയ വീഞ്ഞ് പഴയതോൽക്കുടങ്ങൾ ഭേദിച്ച് ഒഴുകിപോവുകയും തോൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കേണ്ടത്. പഴയ വീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണ് മെച്ചം എന്നല്ലേ പറയുന്നത്.” (ലൂക്കാ 5 : 36 - 39)
പഴയ തുണിക്കും പഴയ തോൽ കുടത്തിനും പണ്ട് നല്ല ഉപയോഗമുണ്ടായിരുന്നു. പക്ഷെ, ഇന്നത് കാലഹരണപ്പെട്ടു പോയി.
ഇനി മൊത്തം പുതിയതാണ് എന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. പഴയ വീഞ്ഞാണ് നല്ലതെന്ന് പഴയ വീഞ്ഞ് കുടിച്ചവൻ പറയും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നുമുണ്ട്. തന്റേതു പുതിയ വീഞ്ഞും പുതിയ തോൽക്കുടവുമാണ്, പഴയതുമായി യാതൊരു ബന്ധവുമില്ല എന്ന് കൃത്യമായി വ്യക്തമാക്കുന്നു.
ലൂക്കായുടെ സുവിശേഷം 6 :1 മുതൽ 11 വരെ ഈശോ നടത്തിയ സാബത്തു ലംഘനങ്ങളുടെ കാര്യങ്ങൾ പ്രതിപാദിക്കുന്നു. ലൂക്ക 6 : 5 ഇൽ താൻ "സാബത്തിന്റെയും കർത്താവാണ്" എന്ന് പറയുക വഴി, തന്റെ സ്ഥാനം സാബത്ത് ആചരിക്കാൻ പറഞ്ഞ യഹോവയെക്കാൾ മുകളിലാണ് എന്ന് സൂചിപ്പിക്കുന്നു.
യഹോവയുടെ പേരിൽ ജനങ്ങളെ പീഡിപ്പിക്കുന്ന അന്നത്തെ മത നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്.
യഹോവ തന്ന പത്തു പ്രമാണങ്ങളെ 613 നിയമങ്ങൾ ഉള്ള ന്യായപ്രമാണം ആക്കുകയും അത് ലംഖിക്കുന്നവരെ കഠിന ശിക്ഷക്ക് വിധേയരാക്കുകയുമാണ് യഹോവയുടെ പേരിൽ മോശയും ലേവ്യ പുരോഹിതരും ചെയ്തത്.
സാബത്ത് ആചരിക്കുന്നത് യഹോവെക്കു വേണ്ടിയാണു അല്ലെങ്കിൽ യഹോവ കോപിക്കും , കഠിന ശിക്ഷ നല്കുകയും ചെയ്യും എന്നാണ് മോശ പഠിപ്പിച്ചിരുന്നത്.
സംഖ്യ 15 , 32-36 ഇൽ സാബത്തു നാളിൽ ഭക്ഷണം പാകം ചെയ്യാൻ വിറകു ശേഖരിച്ചവനെ കൊന്നു കളയാൻ യഹോവ മോശയോട് പറയുന്നു എന്നെഴുതിയിരിക്കുന്നു.
( Comment ഇന്നും ഇങ്ങനെയുള്ള ഒരു ദൈവത്തെ പഠിപ്പിക്കുന്ന്നവർ ഉണ്ട്. പഴയ നിയമ പഠിപ്പിക്കുന്ന, അത് റെഫർ ചെയ്തു പ്രസംഗിക്കുന്ന ഏതൊരാളും മനസ് കൊണ്ട് ഇങ്ങനെയുള്ള ദൈവത്തെ ആണ് ആഗ്രഹിക്കുന്നത്.)
'സൈന്യങ്ങളുടെ കർത്താവായ ദൈവം' എന്ന് നിങളുടെ പ്രാത്ഥനയിൽ ഉണ്ടെങ്കിൽ അവർ യുദ്ധത്തിൽ,, തങ്ങളുടെ വഴക്കിൽ കൂടെ നിൽക്കുന്ന ഒരു യുദ്ധ ദൈവത്തെ ആണ് തേടുന്നത്.
ആഗോള കത്തോലിക്ക സഭയുടെ ലിറ്റർജിയിൽ ഇങ്ങനെ ഇല്ല എന്നോർക്കണം .
“ഒരു സാബത്ത് ദിവസം യേശു ഗോതമ്പ് വയലിലൂടെ കടന്നുപോവുമ്പോൾ അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ച് കൈകൊണ്ടുതിരുമ്മി തിന്നു. ഫരിസേയരിൽ ചിലർ ചോദിച്ചു : സാബത്തിൽ നിഷിദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്? അവൻ മറുപടി പറഞ്ഞു : വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണ് ചെയ്തത് എന്ന് നിങ്ങൾ വായിച്ചിട്ടില്ലേ ? അവൻ ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്ത് ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്ക് കൊടുക്കുകയും ചെയ്തില്ലേ? അവൻ അവരോടു പറഞ്ഞു : മനുഷ്യ പുത്രൻ സാബത്തിന്റെയും കർത്താവാണ്.
മറ്റൊരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലതുകൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവിൽ കുറ്റമാരോപിക്കാൻ പഴുതുനോക്കി സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൻ അവരുടെ വിചാരങ്ങൾ മനസിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവിൽ വന്ന് നിൽക്കുക അവൻ എഴുന്നേറ്റു നിന്നു. യേശു അവരോട് പറഞ്ഞു : ഞാൻ നിങ്ങളോട് ചോദിക്കുന്നു, സാബത്തിൽ നന്മചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം ? അവിടെകൂടിയിരുന്ന എല്ലാവരുടെയും നേരെ നോക്കികൊണ്ട് അവൻ ആ മനുഷ്യനോട് പറഞ്ഞു : കൈനീട്ടുക. അവൻ കൈനീട്ടി. അത് സുഖപ്പെട്ടു. അവർ രോഷാകുലരായി, യേശുവിനോട് എന്താണ് ചെയ്യേണ്ടതെന്ന് പരസ്പരം ആലോചിച്ചു.” (ലൂക്കാ 6 : 1 - 11)
തുടർന്നു യഹോവയുടെ ന്യായപ്രമാണം മനപൂർവം ലംഘിക്കുക എന്ന ഉദ്ദേശത്തോടെ യഹോവയുടെ ആളുകളെ എല്ലാം വെല്ലുവിളിച്ചുകൊണ്ട് പരസ്യമായി സാബത്ത് ലംഘിക്കുന്നു.
മോശ നൽകിയ യഹോവയുടെ നിയമം ( നിയമവാർത്തനം 19 :21 ) "നീ അവരോടു (നിന്നോട് തിന്മ പ്രവർത്തിക്കുന്നവരോട്) കാരുണ്യം കാണിക്കരുത്. ജീവന് പകരം ജീവൻ, കണ്ണിനു കണ്ണ് , പല്ലിനു പല്ലു, കൈക്കു കൈ , കാലിനു കാല്" എന്ന് പറയുന്നു.
എന്നാൽ യേശു പറയുന്നു : "എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ ; " (ലൂക്കാ 6 : 27)
ഇങ്ങനെ സ്നേഹത്തിന്റെ കല്പനകൾ നൽകിയ ശേഷം അദ്ദേഹം : -
"അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രന്മാർ ആയിരിക്കുകയും ചെയ്യും.” ( ലൂക്കാ 6 :35)
യേശു പറഞ്ഞത് ‘മഹോന്നതൻ’ എന്ന് തന്നെയാണ്. യഹോവയ്ക്കു മുൻപുണ്ടായിരുന്ന അതേ ദൈവസങ്കല്പം.
എന്നിട്ടു വീണ്ടും പറയുന്നു ആരാണ് ഈ മഹോന്നതൻ എന്ന്
"കാരണം അവിടുന്ന് നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു.” ( ലൂക്കാ 6 :35)
എന്നാൽ, യഹോവ നന്ദിഹീനരോട് പകവീട്ടുന്ന, അവരെ നശിപ്പിക്കുന്ന, ഒരു ദൈവ(സങ്കല്പമാണ്).
യേശു പറയുന്നു : "മോശ പോലും മുൾപ്പടർപ്പിങ്കൽ വച്ചു കർത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ടു, മരിച്ചവർ ഉയർക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട് " (ലൂക്കാ 20 :37) മോശയാണ് വിളിച്ചത് അല്ലാതെ പഴയ നിയമത്തിൽ പറയുന്നതുപോലെ യഹോവ അങ്ങനെ അവകാശപ്പെട്ടതല്ല എന്ന് സൂചിപ്പിക്കുന്നു.
ആരും ദൈവത്തെ കണ്ടിട്ടില്ല എന്ന് പുതിയ നിയമം പറയുന്നുമുണ്ട്.
ജോൺ 1 :18 പറയുന്നു . ‘ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.’
മോശയെ മോശയുടെ സന്തത സഹചാരിയായിരുന്ന അഹരോൻ പോലും പൂർണമായി വിശ്വസിച്ചിരുന്നില്ല എന്ന് ബൈബിൾ പറയുന്നു.
സംഖ്യ 12 .1 മുതൽ 12 .14 വരെ ഇതിനെ പറ്റി പറയുന്നു. മോശയുടെ ഭാര്യയായ കുഷ്യ സ്ത്രീയെ പ്രതി മിറിയാമും അഹരോനും അവനെതിരെ സംസാരിച്ചു. 'കർത്താവു( യഹോവ ) മോശ വഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത് ഞങ്ങളിലൂടെ സംസാരിച്ചിട്ടില്ലേ എന്ന് അവർ ചോദിച്ചു. ഇത് കർത്താവ് ( മോശയായിരുന്നിരിക്കണം) കേട്ടു. മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ച് സൗമ്യനായിരുന്നു ( ആണോ ?). .. തുടർന്ന് 12.7 ഇൽ പറയുന്നു ' എന്റെ "ദാസനായ" മോശയുടെ കാര്യത്തിൽ അങ്ങനെയല്ല. എന്റെ ( ഇസ്രായേൽ) ഭവനത്തിന്റെ മുഴുവൻ ചുമതലയും അവനെ ഏല്പിച്ചിരിക്കുന്നു ... അവൻ കർത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. (ഇത് തെറ്റാണെന്നു ജോൺ 1 :18 പറയുന്നു)’
മോശക്കുണ്ടായ ദൈവാനുഭവത്തിൽ എന്തൊക്കെയോ കൂടുതലായി പൊലിപ്പിച്ചു രേഖപെടുത്തപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇരുമ്പു യുഗത്തിൽ (ക്രിസ്തുവിനു മുൻപ് (ആയിരത്തി ഇരുനൂറ് വർഷം മുതൽ അഞ്ഞൂറ്റി അമ്പത് വർഷം വരെ) ഇസ്രായേൽ ഗോത്രക്കാർ ബാൽ, അഷേര, യഹോവ എന്നിങ്ങനെ പല ദൈവങ്ങളെയും ആരാധിച്ചിരുന്നു.
യഹോവാ എന്ന പേരിൽ ഒരു ദൈവത്തെ ഇസ്രായേൽ ഗോത്രക്കാരല്ലാത്തവരും ആരാധിച്ചിരുന്നു. ഒരു യുദ്ധദൈവം, യുദ്ധം വിജയിപ്പിക്കുന്ന ദൈവം ആയിട്ടാണ് എല്ലാവരും യഹോവയെ കണ്ടത്.
ഈജിപ്തിലെ ഫറവോയുടെ കൊട്ടാരത്തിൽ തന്റെ ബാല്യവും യൗവ്വനവും ഒരു രാജകുമാരനായാണ് മോശ വളർന്നത്. ആ നാട്ടുകാർ ഫറവോയെ ഒരു ദൈവമായിട്ടാണ് കണ്ടിരുന്നത്.
തന്റെ നേതൃത്വത്തിൽ മരുഭൂമിയിലുള്ള ഇസ്രായേൽ ഗോത്രത്തിന്, മുൻപോട്ടു പോകുമ്പോൾ നിരവധി ശത്രുക്കളെ നേരിടേണ്ടതുണ്ടെന്നും തന്റെ ജനത്തിന് ആത്മധൈര്യം നൽകുന്നതിന് തങ്ങൾക്കു സ്വന്തമായി ഒരു യുദ്ധ ദൈവം വേണമെന്നും ഈ ജനത്തിനുള്ളിലുണ്ടാകുന്ന പ്രശ്നങ്ങൾ തീർക്കാൻ സമൂഹത്തിന് ഒരു ഗോത്ര നിയമം (ഒരു പെരുമാറ്റച്ചട്ടം) വേണമെന്നും മോശയ്ക്ക് അറിയാമായിരുന്നു.
ഒരാളുടെ ദൈവാനുഭവം അവരുടെ അറിവും ആവശ്യവും അനുസരിച്ചു മാറും.
ഈ പശ്ചാത്തലത്തിൽ വേണം യഹോവ മോശയെ കണ്ടപ്പോൾ പത്തു പ്രമാണം നൽകി എന്നും ഈ പ്രമാണങ്ങൾ അനുസരിച്ചാൽ താൻ എന്നേക്കും ഇസ്രായേല്യരുടെ (മാത്രം) ദൈവം ആയിരിക്കാം എന്ന് യഹോവ സമ്മതിച്ചു എന്നും മോശ പറഞ്ഞതിനെ കാണാൻ.
“നിങ്ങൾ എൻ്റെ വാക്കുകേൾക്കുകയും എൻ്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻ്റെ സ്വന്തം ജനമായിരിക്കും.” (പുറ 19 : 5)
കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്ന ഒരു ദൈവം ഉണ്ട് എന്നും അവർക്കു കടുത്ത ശിക്ഷ കൊടുക്കുന്നത് ദൈവ നീതിയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് രാജാവോ മറ്റു നിയമ സംവിധാനങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്ത് ആവശ്യമായിരുന്നു.
എന്നാൽ ശക്തമായ റോമൻ നിയമ സംവിധാനം നിലവിൽ ഉണ്ടായിരുന്ന ക്രിസ്തുവിന്റെ കാലത്ത് ഭൗതിക കാര്യങ്ങൾക്കു കൃത്യമായ നിയമങ്ങൾ ഉണ്ടായി.
തുടരും...
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS